യുറീക്ക

കഥകൾ

ഞാന്‍ ജോയ്. ഒരു പട്ടിക്കുട്ടിയാണ് കേട്ടോ. ഞാനിന്ന് വലിയ സന്തോഷത്തിലാണ്. യജമാനന്‍ ഇന്ന് ചൂണ്ടയിടാന്‍ പോകുന്നുണ്ട്. എനിക്കെന്തിഷ്ടമാണെന്നോ, തോണിയില്‍ ആകാശം നോക്കിയിരിക്കാന്‍. തുമ്പികളോടൊപ്പം കളിക്കാന്‍…
തോണിയിലേക്ക് കയറുമ്പോള്‍ യജമാനന്‍ പറഞ്ഞു.
‘ജോയ്, മിണ്ടാതെ അടങ്ങിയൊതുങ്ങിയിരിക്കണം, കേട്ടോ.’
ഞാനോര്‍ത്തു. ‘എനിക്കെങ്ങനെ മിണ്ടാ തെ, അടങ്ങിയൊതുങ്ങിയിരിക്കാനാവും? ഞാന്‍ യജമാനന്റെ കാവല്‍ക്കാരനല്ലേ.’
തോണിയിലിരുന്ന് ഞാന്‍ തുമ്പികളുടെ കൂടെ കളിക്കാന്‍ തുടങ്ങുകയായിരുന്നു. അപ്പോഴാണ് അവള്‍ പറന്നുവന്നത്.
ഉണ്ടക്കണ്ണുകളും നീണ്ട കാലുകളും കൂര്‍ത്ത കൊക്കുമുള്ള ഒരുവള്‍; ഒരു കൊക്ക്.
യജമാനന്റെ മണ്ണിരകളെ കൊത്തിയെടുക്കാനുള്ള വരവാണെന്നു തോന്നുന്നു.
അതു വേണ്ട. ഞാന്‍ കുരച്ചു ബഹളമുണ്ടാക്കി.
‘ഹ ഹ ഹ’ കൊക്ക് പേടിച്ചു പറന്നുപോയി.
യജമാനന്‍ തിരിഞ്ഞുനിന്നു. എന്നെ നോക്കി കണ്ണുരുട്ടി. ചുണ്ടിനു മുകളില്‍ വിരല്‍ ചേര്‍ത്ത് ശ്… ശ്… ശ്… എന്ന് ശബ്ദമുണ്ടാക്കിക്കൊണ്ട് പറഞ്ഞു.
‘ജോയ് മിണ്ടാതിരിക്ക് കേട്ടോ. ഇല്ലേല്‍ നല്ല അടി കിട്ടും.'
എനിക്ക് പറയണമെന്നുണ്ടായിരുന്നു. അവള്‍, ആ കള്ളക്കൊക്ക് വന്നതുകൊണ്ടാ ഞാന്‍ ഒച്ചയിട്ടത് എന്ന്. പക്ഷേ, പലപ്പോഴും യജമാനന് ഞാന്‍ പറയുന്നത് മനസിലാവുന്നേയില്ലല്ലോ. എനിക്കാണെങ്കില്‍ ‘ബൗ, ബൗ’ എന്നല്ലാതെ മറ്റെങ്ങനെയും പറയാനും കഴിയുന്നില്ല.
യജമാനന്‍ ശ്രദ്ധയോടെ ചൂണ്ട വലിച്ചടുപ്പിക്കുകയാണ്. ഒരു ചെറിയ അശ്രദ്ധ മതി ചൂണ്ടയില്‍ കുരുങ്ങിയ മീന്‍ ചാടിപ്പോകാന്‍.
‘വേണ്ട, ഇപ്പോ ഒന്നും മിണ്ടണ്ട.’ ഞാന്‍ പതുക്കെ ഒരു മൂലയിലേക്ക് ചുരുണ്ടു.
‘ദാ!’ കൊക്ക് പിന്നെയും വന്നല്ലോ. ഇത്തവണ അവള്‍ മണ്ണിരയെ കൊത്തിയെടുത്തു കഴിഞ്ഞു. ഞാന്‍ ചാടിയെണീറ്റ് തടഞ്ഞു.
ഇപ്പോള്‍ മണ്ണിരയുടെ ഒരറ്റം എന്റെ വായിലും മറ്റേ അറ്റം അവളുടെ വായിലുമാണ്.
‘അങ്ങനെ കിട്ടൂല കേട്ടോ..’ ഞാന്‍ മനസ്സില്‍ കരുതി.
ഒരു പിടിവലി.
‘ഠേ.’ കൊക്ക് മലര്‍ന്നടിച്ചു വീണു.
ഒച്ചകേട്ട് യജമാനന്‍ തിരിഞ്ഞുനോക്കി. പങ്കായം കൊണ്ട് കൊക്കിനെ ആട്ടിയോടിച്ചു.
ഒരു കള്ളനെ തുരത്തിയ അഭിമാനത്തോടെ ഞാന്‍ കൊക്കിനെത്തന്നെ നോക്കിനിന്നു. എങ്ങോട്ടാണ് അവളുടെ പോക്ക്?
ങേ? അവിടെന്താണ്?
മൂന്നു കുഞ്ഞുങ്ങള്‍!
കൊക്ക് ഒരു മീന്‍ ആ കുഞ്ഞുങ്ങളുടെ വായിലേക്ക് വെച്ചുകൊടുക്കുകയാണ്. കുഞ്ഞുവായില്‍ കൊള്ളാത്തത്ര വലിയൊരു മീന്‍.
കുഞ്ഞുങ്ങള്‍ പിണങ്ങി മുഖം തിരിക്കുകയാണ്. വിശന്നുവലഞ്ഞ സങ്കടത്തോടെയുള്ള ആ കുഞ്ഞുങ്ങളുടെ കരച്ചില്‍ കേട്ട് കണ്ണുകളില്‍ നിറയെ സങ്കടവുമായി നില്‍ക്കുന്ന കൊക്കിനെ ഞാന്‍ കണ്ടു.
‘പാവം കൊക്ക്! ഇതിനായിരുന്നോ മണ്ണിരയെ കൊത്തിയെടുക്കാന്‍ നോക്കിയത്? കഷ്ടം! ഞാന്‍ എന്താണ് ചെയ്തത്!’
പെട്ടെന്ന് ഞാന്‍ പാത്രത്തില്‍ നിന്ന് കുറേ മണ്ണിരകളെ എടുത്ത് തോണിയുടെ വക്കില്‍ കൊണ്ടുവെച്ചു. എന്നിട്ട് ദൂരെ മാറിനിന്നു. കൊക്ക് അതു കണ്ടുവെന്നു തോന്നുന്നു. അതു പറന്നു വന്ന് ആ മണ്ണിരയും കൊത്തി കുഞ്ഞുങ്ങളുടെ അടുത്തേക്ക് പോയി.
ഭക്ഷണം കഴിച്ച് വയറുനിറഞ്ഞുള്ള കുഞ്ഞുങ്ങളുടെ ചിലയ്ക്കല്‍ എനിക്ക് കേള്‍ക്കാമായിരുന്നു. ഞാന്‍ വീണ്ടും ഒരു മൂലയിലേക്ക് ചുരുണ്ടുകിടക്കാന്‍ തുടങ്ങി. പെട്ടെന്ന് എവിടെ നിന്നാണ് ഒരു മീന്‍ എന്റെ തലയിലേക്ക് വന്നുവീണത്!
ങേ! ഒന്നല്ല ഒരു മീന്‍മഴ തന്നെ!
കൊക്കാണ്. അതിന്റെ വായില്‍ കൊള്ളാവുന്നത്രയും മീനും കൊണ്ടുവന്നിരിക്കുകയാണ്.
യജമാനന്‍ തിരിഞ്ഞുനോക്കി. എനിക്കു ചുറ്റും നല്ല പിടയ്ക്കുന്ന മുഴുത്ത മീനുകള്‍. അദ്ദേഹം അടുത്തു വന്ന് സന്തോഷത്തോടെ എന്റെ തലയില്‍ തലോടി.
‘ജോയ്, നീ മിടുക്കനാണല്ലോ’ എന്ന് യജമാനന്‍ പറയാന്‍ തുടങ്ങുമ്പോഴാണ് തുമ്പികള്‍ വീണ്ടും വന്നത്. ഒന്നും കേള്‍ക്കാന്‍ നില്‍ക്കാതെ തുമ്പികളുടെ കൂടെ കളിക്കാനോടുമ്പോള്‍ ഞാനോര്‍ത്തു.
ഇന്നെനിക്ക് എന്തൊരു സന്തോഷമാണ്!

(ജോയ് ആന്‍ഡ് ഹെറണ്‍ എന്ന നിശ്ശബ്ദ ആനിമേഷന്‍ സിനിമയോട് കടപ്പാട്)