യുറീക്ക

കഥകൾ

പരിസരപഠനത്തിന്റെ ചാര്‍ട്ട് തയ്യാറാക്കുന്നതിനിടയിലാണ് രമേശന്‍മാഷ് ഞങ്ങളുടെ ഇടയിലേക്ക് ഒരു ചോദ്യമെറിഞ്ഞത്. ‘ഈ സ്‌കൂളിന് ചുറ്റും എഴുതിത്തീര്‍ന്ന എത്ര ബോള്‍പേനകള്‍ വലിച്ചെറിഞ്ഞിട്ടുണ്ടാകും’?
ഞങ്ങള്‍ പരസ്പരം നോക്കി. ക്ലാസില്‍ നിന്നും ബോള്‍പേനകളുടെ കണക്ക്കൂട്ടലുകള്‍ ഉയര്‍ന്നു.
‘ഇന്നത്തെ പഠനപ്രവര്‍ത്തനം സ്കൂള്‍ പരിസരത്തുള്ള ബോള്‍പേന ശേഖരണമാവട്ടെ’- മാഷ് പുസ്തകമടച്ചു. ഞങ്ങള്‍ ക്ലാസില്‍ നിന്ന് പുറത്തേക്കിറങ്ങി.
മഴപെയ്തുകഴിഞ്ഞ നേരമായിരുന്നു. നനഞ്ഞ മണ്ണില്‍‍ നി ന്നും ബോള്‍പേനകള്‍ പെറുക്കാന്‍ തുടങ്ങി.
ചിലതില്‍ വെള്ളം നിറഞ്ഞിരിക്കുന്നു. കൂത്താടികളുടെ തുള്ളിച്ചാട്ടം. ചെടികളുടെ വേരുകളില്‍ നിന്ന്, കരിയിലകള്‍ക്കിടയില്‍ നിന്ന്, മരപ്പൊത്തില്‍ നിന്ന്, മുള്‍ക്കാടില്‍ നിന്ന്, വേലിപ്പടര്‍പ്പില്‍ നിന്ന്… ഞങ്ങള്‍ ബാള്‍പേനകള്‍ ശേഖരിച്ചു.
മണ്ണ് നിറഞ്ഞ ഒരു ബോള്‍പേനയില്‍ ഒരു കുഞ്ഞുചെടി. അതിലൊരു മൊട്ട്. മണ്ണിളക്കാതെ അതിനെയെടുത്ത് ഞങ്ങള്‍ വരാന്തയില്‍ വെച്ചു.
പൊട്ടിയതും പൊട്ടാത്തതും, മഷിയുള്ളതും മഷി പാതിതീര്‍ന്നതുമായ എത്രയെത്ര ബോള്‍പേനകള്‍…ക്ലാസ് വരാന്തയില്‍ പ്രദര്‍ശനത്തിനായി ‌ഒരുങ്ങി. കൂട്ടിവെച്ചാല്‍ ഒരു ചെറുകുന്നോളം വരും ബോള്‍പേനകള്‍. പ്രദര്‍ശനം കാണാന്‍ മറ്റുള്ള ക്ലാസിലെ കുട്ടികളുമെത്തി.
‘ഇനി എഴുതാന്‍ നമുക്ക് ബോള്‍പേനകള്‍ വേണ്ട. മഷിപ്പേന മതി’- പേനകളുടെ നടുവില്‍ നിന്ന് രമേശന്‍മാഷ് പറഞ്ഞു. കുട്ടികളുടെ കയ്യടികള്‍ ഉയര്‍ന്നു. മാഷ് സഞ്ചിയില്‍ നിന്ന് മഷിപ്പേനയെടുത്ത് കുട്ടികള്‍ക്ക് നല്‍കി.
ഞങ്ങള്‍ മണ്ണ് നിറഞ്ഞ ബോള്‍പേനയില്‍ നിന്ന് കുഞ്ഞുചെടിയെ വേര്‍പെടുത്തി പൂന്തോട്ടത്തില്‍ നട്ടു. പിന്നെ ഞങ്ങള്‍ ക്ലാസിലെത്തി. ജനലരികില്‍ രമേശന്‍മാഷ് വെച്ച മഷിപ്പാത്രത്തില്‍ നിന്ന് പേന യില്‍ മഷി നിറച്ച് എഴുതാന്‍ തുടങ്ങി…