യുറീക്ക

കഥകൾ

“തലയില്‍ വല്ലാത്ത ചൊറിച്ചില്‍’’ അഭിനവ് പറഞ്ഞു.
“ഞാനൊന്നു നോക്കട്ടെ,” നവീന്‍ അഭിനവിന്റെ തലയില്‍ അന്വേഷണം തുടങ്ങി.
അധികനേരം കഴിഞ്ഞില്ല തലയില്‍ നിന്ന് കിട്ടിയ ഒരു കൊച്ചുകാട്ടാളനെ നവീന്‍ നിലത്തിട്ടു. കറുത്ത നിറവും പരന്ന ശരീരവുമുള്ള ഒരു ജീവി. ആറുകാലുകളുണ്ട് ശരീരത്തിന്. ശിരസ്സ്, ഉരസ്സ്, ഉദരം എന്നീ ഭാഗങ്ങളുണ്ട്. തലയില്‍ രണ്ടു കണ്ണുകളും രണ്ടു സ്പര്‍ശിനികളു മുണ്ട്. രണ്ടുപേരും ഈ വിചിത്രജീവിയെത്തന്നെ നോക്കിക്കൊണ്ടിരുന്നു.
“ഇത്രനേരവും എന്നെ ഉപദ്രവിച്ചത് നീയാണല്ലേ. വേഗം പറ. ആരാ നീ?” അഭിനവ് ശബ്ദമുയര്‍ത്തി.
“പേന്‍ എന്നാണ് എല്ലാവരും ഞങ്ങളെ വിളിക്കുന്നത്.” ആ ജീവി പറഞ്ഞു. “ഉഷ്ണരക്തമുള്ള ജന്തുക്കളുടെ രക്തം കുടിച്ച് അവരുടെ ശരീരത്തില്‍ സ്ഥിരവാസമുറപ്പിക്കുന്നവരാണ് ഞങ്ങള്‍.”
“എന്നാല്‍ നിന്നെയിനി ജീവനോടെ വച്ചേക്കില്ല ഞങ്ങള്‍.” നവീന്‍ അതിനുനേരെ കൈനീട്ടി.
“അയ്യോ… എന്നെ ഒന്നും ചെയ്യല്ലേ. നിങ്ങള്‍ക്കുവേണ്ടി എന്റെ കഥ ഞാന്‍ പറഞ്ഞുതരാം.” പേന്‍ യാചിച്ചു.
“അതൊരു നല്ല കാര്യം തന്നെ. ശരി, പറ.” രണ്ടുപേരും സമ്മതിച്ചു.
“മൂന്ന് തരത്തിലുണ്ട് ഞങ്ങള്‍. ജീവികളുടെ തലയില്‍ ജീവിക്കുന്നവ, ശരീരത്തില്‍ ജീവിക്കുന്നവ, ഗുഹ്യഭാഗത്തു ജീവിക്കുന്നവ എന്നിങ്ങനെ. തലയിലെ പേനിന് ‘പെഡിക്കുലസ് ഹൂമാനസ് ക്യാപിറ്റിസ്’ എന്നും ശരീരത്തില്‍ ജീവിക്കുന്നവയെ ‘പെഡിക്കുലസ് ഹൂമാനസ് കോര്‍പ്പോറിസ്’ എന്നും ഗുഹ്യഭാഗത്തു ജീവിക്കുന്നവയെ ‘പ്തീറസ് പ്യൂബീസ്’ എന്നും വിളിക്കുന്നു. ‘അനോപ്ലൂറ’ എന്ന വര്‍ഗത്തിലെ ഷഡ്പദങ്ങളാണ് ഞങ്ങള്‍. പുരാതന ഈജിപ്തുകാരും ഗ്രീക്കുകാരും ഞങ്ങളെപ്പറ്റി എഴുതിയിട്ടുണ്ട്. മനുഷ്യര്‍, കുരങ്ങ്, ആടുമാടുകള്‍, എലി, പട്ടി, പന്നി, പക്ഷികള്‍ തുടങ്ങിയ ജീവികളുടെ ശരീരത്തില്‍ ഒളിഞ്ഞിരുന്നുകൊണ്ട് ഞങ്ങള്‍ രക്തം വലിച്ചുകുടിക്കും. ഞങ്ങളുടെ ആഹാരം, ഇങ്ങനെ അപഹരിച്ചെടുക്കുന്ന രക്തമാണ്. രക്തപാനത്തിലൂടെ ഞങ്ങള്‍ ചില രോഗങ്ങളുണ്ടാക്കുന്നുണ്ട് എന്നു പറയുന്നതും പരമാര്‍ത്ഥമാണ്.” പേന്‍ പറഞ്ഞു.
“നിങ്ങള്‍ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നതെങ്ങിനെയാണ്?” പുതുതായി സ്ഥലത്തെത്തിയ രവിചന്ദ് ചോദിച്ചു.
“ഒരാളുടെ ശരീരത്തില്‍ നിന്ന് മറ്റൊരാളുടെ ശരീരത്തിലേക്കു പലവിധത്തില്‍ പകരുന്നുണ്ട്. മനുഷ്യര്‍ തമ്മില്‍ അടുത്ത ശരീരബന്ധമുണ്ടാവുമ്പോഴും തലമുടി അന്യോന്യം മുട്ടിയു രസുമ്പോഴും ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുവാന്‍ അവസരം ലഭിക്കുന്നു. പേനുള്ളവരുടെ കിടക്ക, ചീപ്പ്, തോര്‍ത്ത്, തൊപ്പി എന്നിവ വഴി ഞങ്ങള്‍ മറ്റുള്ളവരിലേക്ക് എളുപ്പം കടന്നുകൂടുന്നു. ഞങ്ങള്‍ക്ക് പറക്കാനോ ചാടാനോ സാധിക്കില്ല. മെല്ലെ മെല്ലെ ഇഴഞ്ഞു സഞ്ചരിക്കുകയാണ് ചെയ്യുന്നത്. ഒരു മാസത്തോളം മുടിയില്‍ ജീവിച്ചുകൊണ്ട് രക്തം വലിച്ചുകുടിച്ച് ജീവിക്കുമെങ്കിലും മുടിയില്‍ നിന്നകന്ന് പുറത്തെവിടെയെങ്കിലുമായാല്‍ 24 മണിക്കൂറിനുള്ളില്‍ ആഹാരമില്ലാതെ മരിച്ചുപോകും. ശുചിത്വമുള്ളതും ഇല്ലാത്തതുമായ മുടിയില്‍ ഞങ്ങള്‍ ഒരുപോലെ വളരും. പന്നി, പൂച്ച, നായ തുടങ്ങിയ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്കും മനുഷ്യരുടെ തലയില്‍ നിന്ന് മൃഗങ്ങളിലേക്കും ഞങ്ങളുടെ വര്‍ഗക്കാര്‍ പകരാറില്ല. നിങ്ങളുടെ തലമുടിയിലൂടെ സഞ്ചരിക്കു മ്പോഴും കടിച്ചു ചോര വലിച്ചു കുടിക്കുന്ന സമയത്ത് ചൊറിയുമ്പോഴും നിങ്ങളുടെ മുടിയില്‍ ഞങ്ങളുടെ ശല്യമുണ്ടെന്നു മനസ്സിലാക്കണം.” പേന്‍ പറഞ്ഞു.
“നിങ്ങള്‍ രോഗം പകര്‍ത്തുന്നുണ്ടെന്നതു ശരിയാണോ?” അഭിനവ് ചോദിച്ചു.
“അതേ, ട്രഞ്ചു ഫീവര്‍, ടൈഫസ് ഫീവര്‍ തുടങ്ങിയ രോഗങ്ങളുള്ളവരെ ഞങ്ങള്‍ കടിക്കുമ്പോള്‍ രോഗാണു ക്കള്‍ ഞങ്ങളുടെ ശരീരത്തില്‍ കടന്നുകൂടും. പിന്നീട് ഞങ്ങള്‍ രോഗമില്ലാത്തവരെ കടിക്കുമ്പോള്‍ രോഗം അവരിലേക്കു പകരുന്നു. ‘എപ്പിഡെമിക് ടൈഫസ് ഫീവറി’ന്റെ രോഗാണുക്കള്‍ ഞങ്ങളുടെ മലത്തില്‍ക്കൂടി പുറത്തുവരികയും ആ മലം ഉണങ്ങിക്കഴിഞ്ഞ ശേഷവും വളരെനേരം ജീവനോടെയി രിക്കുകയും കാറ്റു വഴിയോ മറ്റോ മറ്റുള്ളവരില്‍ എത്തിച്ചേരുകയും ചെയ്യുന്നു.
ഞങ്ങളുടെ വദനഭാഗങ്ങള്‍ കൂര്‍ത്തുമൂര്‍ത്തതും മറ്റു ജീവികളുടെ ശരീരത്തില്‍ കുത്തിയിറക്കി രക്തം വലിച്ചുകുടിക്കാന്‍ പറ്റിയവയുമാണ്. അനേ കം ഖണ്ഡങ്ങള്‍ കൊണ്ടു നിര്‍മിതമായിരിക്കുന്ന ഞങ്ങളുടെ കാലുകളുടെ അഗ്രത്ത് ഓരോ മുഴയും ഓരോ വലിയ നഖവുമുണ്ട്. ജീവികളുടെ രോമങ്ങളിലും മറ്റും പറ്റിപ്പിടിച്ചുകൂടാന്‍ ഞങ്ങളെ സഹായിക്കുന്നത് ഈ നഖമാണ്. ഞങ്ങള്‍ക്ക് ഏത് നിറമുള്ള മുടിയിലും വളരാന്‍ സാധിക്കും. നിങ്ങളില്‍ ചിലര്‍ കരുതും, തല വെള്ളത്തിനടിയില്‍ വെച്ചാല്‍ ഞങ്ങള്‍ മരിച്ചുപോകുമെന്ന്. ഞങ്ങള്‍ മരിക്കില്ല. കാരണം, മണിക്കൂറുകളോളം ശ്വസിക്കാതെ ജീവിക്കാന്‍ ഞങ്ങള്‍ക്കു സാധിക്കും.” പേന്‍ പറഞ്ഞു.
“പെണ്‍പേന്‍ മുടിയിലോ രോമത്തിലോ മുട്ടയിട്ടാല്‍ മുട്ട വീണുപോവില്ലേ?” അഭിനവ് ചോദിച്ചു.
“പറയാം. ഞങ്ങളില്‍ ആണിനെയും പെണ്ണിനെയും വേര്‍തിരിച്ചറിയാന്‍ യാതൊരു പ്രയാസവുമില്ല. ആണിന്റെ ഉദരാഗ്രം കൂര്‍ത്തതും നീണ്ട സൂചിപോലുള്ള പുരുഷാവയവം പുറത്തേക്കു തള്ളിനില്‍ക്കുന്നതുമാണ്. പെണ്ണിന്റെ ഉദരാഗ്രം രണ്ടായിപ്പിരിഞ്ഞതും അടിവശത്ത് രണ്ടു മുഴകള്‍ക്കിടയില്‍ ഒരു ചെറിയ വിടവുള്ളതുമാണ്. മുട്ടയിടുന്ന സന്ദര്‍ഭത്തില്‍ ഈ വിടവില്‍ ആതിഥേയന്റെ തലമുടി ഉറപ്പിച്ച്, ഇടുന്ന ഓരോ മുട്ടയും തലമുടിയില്‍ ഒട്ടിച്ചുവെക്കും. ഒരു മുടിയില്‍ത്തന്നെ ഒന്നോ അതിലധികമോ മുട്ടകള്‍ ഇങ്ങനെ പശകള്‍ ഉപയോഗിച്ച് ബലത്തില്‍ ഒട്ടിച്ചുവെക്കും. ഞങ്ങളുടെ മുട്ടകള്‍ കാണാന്‍ പ്രയാസമുള്ളതും താര നായി തെറ്റിദ്ധരിക്കപ്പെടാനിടയുള്ളതുമാണ്.
ഒരു പെണ്‍പേന്‍ 1 മുതല്‍ 10 വരെ മുട്ടകള്‍ ദിവസവും ഇടാറുണ്ട്. ഞങ്ങളുടെ മുട്ടകളെ ‘ഈര്’ എന്നാണു സാധാരണ വിളിക്കുന്നത്. അഞ്ചു മുതല്‍ 10 ദിവസങ്ങള്‍ക്കകം ഈരുകള്‍ വിരിഞ്ഞു കുഞ്ഞുങ്ങള്‍ പുറത്തുവരും. അപ്പോള്‍ ഉപേക്ഷിക്കുന്ന മുട്ടത്തോട് ഒന്നര മാസം വരെ മുടിയില്‍ പറ്റിപ്പിടിച്ചിരിക്കും. കുഞ്ഞുങ്ങളു ടെ ആഹാരവും രക്തമാണ്. കുഞ്ഞുങ്ങള്‍ക്ക് പൂര്‍ണവളര്‍ച്ചയെത്താന്‍ വീണ്ടും ഒരാഴ്ചയെങ്കിലും വേണ്ടിവരും. ഞങ്ങളുടെ ശരാശരി ജീവിതകാലം 30 മുതല്‍ 50 വരെ ദിവസങ്ങളാണ്.
പിന്നെ, മറ്റൊരു കാര്യം. തലയിലെ പേനി ന് തലയിലും ശരീരത്തിലെ പേനിന് ശരീരത്തിലും ഗുഹ്യപേനിന് ഗുഹ്യഭാഗത്തും മാത്രമേ ജീവിക്കാന്‍ സാധിക്കുകയുള്ളൂ. ഇതാണെന്റെ കഥ. മറ്റു പേനുകളെപ്പറ്റിയും നിങ്ങള്‍ കൂടുതല്‍ അറിയാന്‍ ശ്രമിക്കൂ.”
“നിങ്ങളുടെ ശല്യമെങ്ങിനെ ഒഴിവാക്കാമെന്നുകൂടി പറഞ്ഞുതരൂ.” നവീന്‍ ആവശ്യപ്പെട്ടു.
“എന്റെ വര്‍ഗത്തെ നശിപ്പിക്കാനുള്ള മാര്‍ഗം ഞാന്‍ പറഞ്ഞുതരണം. അല്ലേ?” പേന്‍ സങ്കടത്തോടെ തുടര്‍ന്നു.
“തലയില്‍ ധാരാളം പേനുള്ളവരുമായി അടുത്തിടപഴകുമ്പോള്‍ ശ്രദ്ധിക്കണം. അവരുപയോഗിച്ച ചീപ്പ്, കിടക്കവിരി, തലയിണയുറ, തോര്‍ത്ത്, വസ്ത്രം തുടങ്ങിയവ ചൂടുവെള്ളത്തില്‍ നല്ലവണ്ണം കഴുകണം. അവ മറ്റുള്ളവര്‍ ഉപയോഗിക്കരുത്. ഒരു ഡോക്ടറുടെ നിര്‍ദേശപ്രകാരം പേന്‍നാശിനികളായ മരുന്നുകള്‍ വളരെ ശ്രദ്ധാപൂര്‍വം തലയില്‍ പുരട്ടി കഴുകിയാല്‍ ഞങ്ങള്‍ നശിച്ചുകൊള്ളും. അതുമാത്രം പോര വസ്ത്രങ്ങള്‍ നല്ലവണ്ണം സോപ്പിട്ടു കഴുകി ഉണക്കി ഇസ്തിരിയിട്ടേ ഉപയോഗിക്കാവൂ. മുടി വൃത്തിയായി സൂക്ഷിക്കാനും മറക്കല്ലേ. ഇനി ഞാന്‍ പോകട്ടെ കൂട്ടുകാരേ” പേന്‍ ഇഴഞ്ഞിഴഞ്ഞ് പോകാന്‍ തുടങ്ങി.
നവീന്‍ അതിനെയെടുത്ത് ദൂരെ കൊണ്ടുപോയി കളഞ്ഞു.