യുറീക്ക

കവിതകൾ

ഉണ്ടായിരുന്നൂ
മനപ്പൂവിലിന്ത്യയെ
സ്വന്തമായ് കാത്തോരപ്പൂപ്പൻ.

പല്ലില്ലയെങ്കിലും
ചുണ്ടിൽ നറുനിലാ-
പ്പുഞ്ചിരിച്ചന്തമുണ്ടായിരുന്നു.

നന്നായൊരിന്ത്യയെ -
ക്കണ്ടെത്തുവാൻ നല്ല
ചില്ലുകണ്ണാടി ധരിച്ചിരുന്നു.

ഊന്നുവടിയാ -
യഹിംസയെയെപ്പൊഴും
കൂടെക്കരുതി നടന്നിരുന്നു.

നീതിസാരങ്ങ -
ളുടുത്തും പുതച്ചുമീ
നാടാകെ സ്നേഹം വിതച്ചിരുന്നൂ.

ഇല്ലാത്തവന്റെ
ദുരിതങ്ങൾ തീർക്കുവാൻ
നല്ലപോൽ ചിന്തിച്ചുഴന്നിരുന്നു.

പഞ്ഞിനൂലായി
മുറുകവേ ചുറ്റിലും
പഞ്ഞമൊട്ടൊട്ടു കുറച്ചിരുന്നു.

ഊടുമപ്പാവു-
മൊരുക്കിയീനാടിന്റെ
നാണംമറയ്ക്കാൻ കൊതിച്ചിരുന്നു.

ചോരച്ചുവപ്പായ്
പടരുമ്പൊഴും നാവിൽ
നേരിന്റെ മന്ത്രമുണ്ടായിരുന്നു.