യുറീക്ക

കവിതകൾ

മേഘങ്ങളേ നിങ്ങൾ
വാനിലൂടെ
തേങ്ങിക്കരഞ്ഞുകൊ-
ണ്ടെങ്ങു പോണൂ ?
അങ്ങനെയൊന്നു
തിരിഞ്ഞു നോക്കി
പെയ്യുന്ന കണ്ണുക
ളൊന്നു തോർത്തീ
പാവമാം കുട്ടികൾ
നിങ്ങളെങ്ങോ
ട്ടാണു കൈകൾ കോർത്തു
നീങ്ങിടുന്നു ?
ഇങ്ങനെ ദു:ഖിക്കാ
നായി മാത്രം
എന്റെ മിത്രങ്ങൾ തെ-
റ്റെന്തു ചെയ്തു?
അച്ഛന്റെ മാത്രമാം
'പൊന്നു പേന '
നിങ്ങളെടുത്തു
മുനയൊടിച്ചോ?
ചേട്ടൻ പഠിക്കുന്ന
പുസ്തകങ്ങൾ
കീറി, റോക്കറ്റായ്
പറത്തി വിട്ടോ?
'കണ്ണിന്റെ മുന്നി
ലെനിക്കൊന്നിനേം
കാണേണ്ടെ' ന്നച്ഛൻ
വിരട്ടി വിട്ടോ?
എന്തേ കവിളിൽ
കരി പുരണ്ടു?
എന്തേ മിഴികൾ
നനഞ്ഞുലഞ്ഞു ?
അമ്മ കാണാതെ
യടുക്കളയിൽ
കേറിയെന്തെങ്കിലും
കട്ടു തിന്നോ?
ദേഷ്യം സഹിക്കാതെ
യമ്മയെങ്ങാൻ
ചട്ടുകം കൊണ്ടു
പെട പെടച്ചോ?