യുറീക്ക

ലേഖനങ്ങൾ

കുറേ നേരമായി നിമിഷ കടലാസും പേനയുമായി മല്ലിടുന്നു. എന്തെഴുതണം എന്ന് ഒരെത്തും പിടിയും കിട്ടുന്നില്ല. എഴുതിയതൊന്നും അവള്‍ക്ക് ഇഷ്ടപ്പെട്ടതുമില്ല. തൽക്കാലം എഴുത്ത് നിർത്തി നടന്നു വരാമെന്നുകരുതി പുറത്തിറങ്ങി.
ഹായ്, ഇതെന്തു കഥ! പതിവിന് വിപരീതമായി ചേട്ടൻ ഉമ്മറത്തിരുന്ന് വായിക്കുന്നു. സഹായം ചോദിക്കാൻ ഇതു തന്നെ അവസരം. നിമിഷ അടുത്ത് പോയി ഇരുന്നു. വായിക്കുന്ന പുസ്തകത്തിലേക്ക് നോക്കി.
“ഉം എന്താ?”
“മുഖപ്രസംഗം എന്നു പറഞ്ഞാൽ എന്താ?”
"എഡിറ്റോറിയൽ, എഡിറ്റർ എഴുതുന്ന കുറിപ്പ് - ലേഖനം."
“അതൊക്കെ ശരി, ഞാനെന്താ എഴുതേണ്ടത്?”
“നീ എഡിറ്ററാണോ? അയ്യോ സാറെ, ഞാനത് അറിഞ്ഞില്ല.” ചേട്ടൻ അവളെ ചേർത്തുപിടിച്ച് ചിരിച്ചു.
“കളിയാക്കണ്ട, ക്ലാസ് മാഗസിന്റെ ആമുഖം എഴുതാൻ എനിക്കാണ് ചുമതല. എന്ത് എഴുതണം എന്നറിയുന്നില്ല.”
അപ്പോഴാണ് അച്ഛൻ അങ്ങോട്ടു വന്നത്. ചേട്ടൻ വേഗം എഴുന്നേറ്റ് പറഞ്ഞു.
“അച്ഛനറിഞ്ഞോ നമ്മുടെ വീട്ടിൽ ഒരു എഡിറ്റർ ഉണ്ട്. അവളെ എഡിറ്റോറിയൽ എഴുതാൻ പഠിപ്പിക്കണം.”
“അതെന്തായാലും നന്നായി. ഞാൻ എഡിറ്റോറിയലിനെ കുറിച്ച് പറയാനിരിക്കയായിരുന്നു.”
“മോള് എഡിറ്റോറിയൽ വായിച്ചിട്ടുണ്ടോ?”
അവള്‍ ഉണ്ടെന്നോ ഇല്ലെന്നോ പറഞ്ഞില്ല.
അച്ഛൻ തുടർന്നു. “അതുപോട്ടെ, യുറീക്കയിലെ എഡിറ്റോറിയൽ വായിച്ചിട്ടില്ലേ?”
“യുറീക്ക മുഴുവനും വായിക്കാറുണ്ട്. എഡിറ്റോറിയൽ.. അത്...”
“എല്ലാ പ്രസിദ്ധീകരണങ്ങളിലും എഡിറ്റോറിയൽ, മുഖപ്രസംഗം എന്നൊന്നും ആവില്ല അതിന് നൽകുന്ന പേര്.”
അച്ഛൻ പറഞ്ഞു തീരുമ്പോഴേക്കും നിമിഷ യുറീക്കയുമായെത്തി.
“ഇതിന്റെ തുടക്കം തന്നെ യുറീക്കമാമന്റെ കുറിപ്പാണല്ലോ. ഈ മുഖക്കുറി തന്നെ എഡിറ്റോറിയൽ. ഇത് ഈ ലക്കത്തിലെ ലേഖനങ്ങളെ കുറിച്ചാവാം. മുന്നോട്ട് വക്കുന്ന ആശയങ്ങളെ കുറിച്ചാവാം. മൊത്തത്തിൽ യുറീക്കയുടെ നിലപാട് എന്നു പറയാം.” ചേട്ടൻ വിശദീകരിച്ചു.
“ഞാൻ പുതിയ വെല്ലുവിളിയെക്കുറിച്ച് പറയാനിരിക്കുകയായിരുന്നു. മുഖപ്രസംഗമാണ് ഇക്കുറി വിഷയം.”
“ഇതിലെന്താ അച്ഛാ വെല്ലുവിളി?”
“നീ പത്രത്തിലെ മുഖപ്രസംഗം വായിച്ചിട്ടുണ്ടോ?”
“ഇല്ലച്ഛാ ഞാനത് ശ്രദ്ധിച്ചിട്ടേയില്ല.” നിമിഷ തല കുനിച്ചു.
“സാരമില്ല. ഇനി ശ്രദ്ധിക്കണം.” അച്ഛൻ തുടർന്നു. ഒരു പ്രത്യേക പേജിൽ സ്ഥിരമായി എഴുതുന്ന പംക്തിയാണത്. മുഖപ്രസംഗം, എഡിറ്റോറിയൽ എന്നാക്കെയാണ് ഇതിനു പറയുക. മുഖപ്രസംഗത്തിലെ പത്രത്തിന്റെ നിലപാടും അവർ നൽകുന്ന വാർത്തകളും പരസ്യങ്ങളും തമ്മിൽ ബന്ധമുണ്ടോ എന്ന് കണ്ടെത്തലാണ് പുതിയ വെല്ലുവിളി.”
“പത്രത്തിന്റെ എഡിറ്റോറിയൽ നിലപാടും വാർത്തകളും പരസ്യങ്ങളും നൽകുന്നതിലെ ഔചിത്യബോധവും തമ്മിൽ ബന്ധമുണ്ടോ? എന്നതും പരിശോധിക്കാം.
തെറ്റായ വാർത്തകള്‍, ചില വിഭാഗങ്ങളെ മാത്രം പുകഴ്ത്തിയോ ഇകഴ്ത്തിയോ നിരന്തരം വാർത്തകള്‍ നൽകൽ എന്നിവയെല്ലാം അവരുടെ മുഖപ്രസംഗ നിലപാടുമായി ബന്ധമുള്ളതാണോ എന്നും വിലയിരുത്താം.
പത്രങ്ങള്‍ മിക്കതും രാഷ്ട്രീയ ചായ്‌വ് ഉള്ളവയാണ്. അവരത് തുറന്ന് പറയാറുണ്ടോ?
നിഷ്പക്ഷം എന്നൊരു പക്ഷമേ ഇല്ല. പക്ഷേ, പല പത്രങ്ങളും തങ്ങളുടെ പക്ഷം വെളിപ്പെടുത്താറുമില്ല.
എഡിറ്റോറിയൽ വായിച്ച് അതിലെ പക്ഷവും പത്രത്തിൽ കാണുന്ന പക്ഷവും തിരിച്ചറിയാനുള്ള ശ്രമമാണ് പുതിയ വെല്ലുവിളി.”

നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം
- 15 ദിവസത്തിനുള്ളിൽ ചുരുങ്ങിയത് അഞ്ച് മുഖപ്രസംഗമെങ്കിലും വായിച്ച് ആ പത്രം നിശ്ചിത വിഷയങ്ങളിൽ പറയുന്ന നിലപാടുകളെക്കുറിച്ച് അഭിപ്രായം പറയുക
- പത്രങ്ങളെ നിശിത വിമർശനത്തിന് വിധേയമാക്കണം
- വീട്ടിലെ വായനക്കാർ മുഴുവനും എഡിറ്റോറിയൽ വായിക്കണം.
- ഒരു പത്രമോ ഒന്നിൽ കൂടുതൽ പത്രങ്ങളൊ വിശകലനത്തിന് വിധേയമാക്കാം
- വീട്ടിലെ ഏതെങ്കിലും ഒരാള്‍ കണ്ടെത്തലുകള്‍ ക്രോഡീകരിച്ച് അവതരിപ്പിച്ചാലും മതി.
- നിങ്ങളുടെ കണ്ടെത്തലുകള്‍ കുറിപ്പായോ, ശബ്ദരേഖയായോ www.eureka.kssp.in എന്ന സൈറ്റിൽ ചേർക്കണം
- വീട്ടുകാർ ഒന്നിച്ച് പത്രം പിടിച്ചുള്ള സ്വചിത്രം കൂടി ചേർക്കാൻ മറക്കരുത്.