യുറീക്ക

ലേഖനങ്ങൾ

ആശുപത്രികിടക്കയില്‍ 

ക്ലാസ്സിലിരിക്കുമ്പോഴും കനി വാവയെക്കുറിച്ച് തന്നെ ചിന്തിക്കുകയായിരുന്നു. രാവിലെ സ്കൂളിലേക്ക് വരാൻ ഒട്ടും മനസ്സുണ്ടായിരുന്നില്ല. വാവയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കുന്നു. ഇളംകാറ്റാണ് വിവരം പറഞ്ഞത്.
രാത്രിയായപ്പോഴേക്കും വാവയുടെ പനി വല്ലാതെ കൂടിയത്രേ. ഛർദ്ദിക്കുകയും ചെയ്തൂന്ന്. അമ്മ കരഞ്ഞു ബഹളം വച്ചപ്പോൾ അവരുടെ ആൾക്കാർ കുഞ്ഞിനെ ആശുപത്രിയിലേക്കു കൊണ്ടുപോയി. ഇതൊക്കെ കേട്ടപ്പോൾ മുതൽ കനിയുടെ മനസ്സ് കുതിക്കുകയായിരുന്നു അവിടെയെത്താൻ. അമ്മയാണ് സമാധാനിപ്പിച്ചത്. സ്കൂൾ മുടക്കണ്ട; വൈകീട്ട് ആശുപത്രിയിൽ ഒരുമിച്ച് പോവാമെന്ന് അമ്മ പറഞ്ഞപ്പോൾ കനി സമ്മതിച്ചു.
“കനീ..” സുദേവൻ മാഷാണ്.
അവൾ മാഷിനടുത്തേക്ക് ചെന്നു.
“മറന്നിട്ടില്ലല്ലോ ചിത്രപ്രദർശനത്തിന്റെ കാര്യം. ഇനി രണ്ടുമൂന്നു ദിവസം കൂടിയേയുള്ളു. മന്ത്രിയാണ് ഉദ്ഘാടകൻ. ഗംഭീരമാക്കണം നമുക്ക്.”
മാഷ് കനിയുടെ കവിളത്ത് തട്ടി.
“എന്തേ മുഖത്തൊരു വാട്ടം? എന്തു പറ്റി, സുഖമില്ലേ?” മാഷ് ചോദിച്ചു.
“ഇല്ല്യ മാഷേ .. ഒന്നൂല്ല്യ..” കനി ചിരിച്ചു. ശരിയെന്നു തലകുലുക്കി മാഷ് മുന്നോട്ട് നടന്നു.
“നിനക്ക് മാഷിനോട് പറയാമായിരുന്നില്ലേ സുന്ദരി വാവയുടെ കാര്യം.” സുമയ്യ മന്ത്രിക്കുന്നതു കേട്ട് കനി തിരിഞ്ഞുനോക്കി. കനി മറുപടിയൊന്നും പറയാതെ തലകുനിച്ചു.
മാഷിനോട് പറയണം. ഇപ്പോൾ ശരിയാവില്ല. മാഷിനെ സ്വസ്ഥമായൊന്ന് കിട്ടിയിട്ടു വേണം എല്ലാം പറയാൻ. മാഷിനെന്നും തിരക്കാണ്. അങ്ങോട്ടുമിങ്ങോട്ടുമുള്ള ഇപ്പോഴത്തെയീ ഓട്ടം കനിക്കുവേണ്ടിത്തന്നെയാണ്. കനിയുടെ ചിത്രപ്രദർശനത്തിനു വേണ്ടി.
ചിത്രപ്രദർശനം എന്നൊരാശയം മുന്നോട്ടു വച്ചതും മാഷ് തന്നെ. കനിയുടെ ചിത്രത്തിന് ഒന്നാം സ്ഥാനം ലഭിച്ചതുമുതൽ പറയാൻ തുടങ്ങിയിരുന്നു. എപ്പോൾ, എങ്ങനെ, എവിടെ വച്ച് എന്നൊക്കെ ആലോചിച്ചങ്ങനെ നടപ്പായിരുന്നു. ശിശുക്ഷേമസമിതിയുടെ ഓഫീസിൽ നിന്ന് വിളി വന്നതോടെ ഈ ചോദ്യങ്ങൾക്കൊക്കെ മാഷിന് ഉത്തരം കിട്ടി. സംസ്ഥാന ശിശുക്ഷേമസമിതി കനിക്ക് ക്യാഷ് അവാർഡും ശില്‍പ്പവും സമ്മാനിക്കുന്നതിനായി ടൗൺഹാളിൽ സംഘടിപ്പിക്കുന്ന ചടങ്ങ്. വിദ്യാഭ്യാസ മന്ത്രിയാണ് മുഖ്യാതിഥി. മാഷിന് സന്തോഷമായി. ചിത്രപ്രദർശനത്തിനുള്ള വേദി മാത്രമല്ല, ഉദ്ഘാടകനെ കൂടി ഒത്തുകിട്ടിയല്ലോ. പിന്നെ വിശ്രമമുണ്ടായിട്ടില്ല മാഷിന്. വീട്ടിൽത്തന്നെ എത്ര തവണ വന്നു.
“കനീ.. ബെല്ലടിച്ചു. നീ വരുന്നില്ലേ..” സുമയ്യ വിളിച്ചപ്പോഴാണ് കനിക്ക് പരിസര ബോധമുണ്ടായത്. അവൾ ബാഗെടുത്ത് ഓടി.
അമ്മയുടെ കയ്യും പിടിച്ച് വേഗം വേഗം നടന്നിട്ടും കനിക്ക് തൃപ്തിയായില്ല. ജില്ലാആശുപത്രിയിലേക്കുള്ള വഴിയുടെ നീളം നടക്കുന്തോറും കൂടുകയാണോ?
“അമ്മേ.. വേഗം നടക്കൂ.. വേഗം..” അവൾ തിരക്കുകൂട്ടി.
അമ്മ ഇടതുകയ്യിലെ തുണിസഞ്ചി മറ്റേ കയ്യിലേക്ക് മാറ്റിപ്പിടിച്ച് ഒന്നുകൂടി ആഞ്ഞു നടന്നു. ചോറും കറിയും വെള്ളവുമൊക്കെയാണ് ആ സഞ്ചിയിൽ. ഒരു പാത്രത്തിൽ പൊടിയരിക്കഞ്ഞിയുമുണ്ട്.
“അമ്മേ.. ദേ വാവ..” കനി തന്നെയാണ് വാവ കിടക്കുന്ന കട്ടിൽ കണ്ടുപിടിച്ചത്. അവൾ ഓടി കട്ടിലിനടുത്തെത്തി. കണ്ണടച്ച് കിടക്കുകയാണ് വാവ. ആ കെ വാടിക്കുഴഞ്ഞങ്ങനെ. കനിക്ക് കരച്ചിൽ വന്നു. ഗ്ലൂക്കോസു കുപ്പിയിൽ നിന്ന് മടി ച്ചു മടിച്ചാണ് തുള്ളികൾ പുറത്തുവരുന്നത്. കുഴലിലെത്തുന്നതോടെ വേ ഗം കൂടി വാവയു ടെ ശരീരത്തിലേക്ക്... കുഞ്ഞിക്ക യ്യിൽ സൂചി കുത്തിക്കേറ്റിയിരിക്കുന്നു. പാവം.. എന്തുമാത്രം വേദനിച്ചിട്ടുണ്ടാവും. കനിയുടെ ഉള്ളു പിടഞ്ഞു.
വാവയുടെ കൈ പിടിച്ച് കട്ടിലിലേക്ക് തല ചായ്ച്ചിരിക്കുകയാണ് അമ്മ.
“അമ്മേ..” കനി അമ്മയെ മൃദുവായി തൊട്ടുവിളിച്ചു. അമ്മ പിടഞ്ഞെണീറ്റു. ആ കണ്ണുകൾ കലങ്ങിയിരുന്നു.
“മോളേ…” അമ്മ അവളെ ചേർത്തുപിടിച്ച് ഉമ്മ വെച്ചു.
“ഞാനൊറ്റയ്ക്കല്ല, അമ്മയുമുണ്ട്..” കനി മന്ത്രിച്ചു.
അവർ കനിയുടെ അടുത്തു നിന്നും പിടഞ്ഞുമാറി തിരിഞ്ഞുനോക്കി. വിശ്വാസം വരാത്തതുപോലെ വീണ്ടും വീണ്ടും നോക്കി. നിറകണ്ണുകളോടെ കനിയുടെ അമ്മയെ നോക്കി കൈകൂപ്പി. അമ്മ കയ്യിലിരുന്ന സഞ്ചി താഴെവച്ച് ആ കൈകൾ കൂട്ടിപ്പിടിച്ചു. പതുക്കെ തഴുകി.
കനിയുടെ കണ്ണുകളും നിറഞ്ഞൊഴുകാൻ തുടങ്ങി. അമ്മമാർ രണ്ടും കട്ടിലിന്റെ വക്കത്തിരുന്നു. അമ്മയുടെ ചോദ്യങ്ങൾ ക്കൊക്കെ വാവയുടെ അമ്മ മറുപടി പറയുന്നുണ്ട്. തമിഴ് ചുവയുള്ള മലയാളം. അവൾ കണ്ണു തുടച്ചു. കിടക്കയിലിരുന്നു. വാ വയെ ഉറ്റുനോക്കി. ആ കാലിൽ പതിയെ തലോടി. കുഞ്ഞ് സാവധാനം കണ്ണു തുറന്നു. കനിയെ കണ്ടതോടെ ആ മുഖത്ത് ഒരു ചിരി പരന്നു.
“വാവേ.. വാവക്കുട്ടീ…” കനി താളത്തിൽ വിളിച്ചു.
“ച്ചി ച്ചി.. ച്ചി ച്ചി…” വാവ നേർത്ത ശബ്ദത്തിൽ വിളിച്ചു. കനി കുനിഞ്ഞ് വാവയുടെ മൂക്കിൽ മൂക്കുരസി. നെറ്റിയിൽ ഉമ്മ
വച്ചു.
വീട്ടിലേക്കു മടങ്ങുമ്പോൾ കനിയുടെ മനസ്സ് ശാന്തമായിരുന്നു. വാവയുടെ പനി കുറഞ്ഞു തുടങ്ങിയിരി ക്കുന്നു. കനിയെ കണ്ടതോടെ അവളുടെ കളിയും ചിരിയുമൊക്കെ ചെറുതായി തിരിച്ചുവന്നിട്ടുണ്ട്. കനിയുടേയും അമ്മയുടേയും വരവ് വാവയുടെ അമ്മയ്ക്കും നല്ല ആശ്വാസം പകർന്നിട്ടുണ്ട്. യാത്ര പറയുമ്പോൾ അമ്മ വാവയുടെ അമ്മയുടെ കയ്യിൽ അല്‍പ്പം പണം പിടിപ്പിച്ചിരുന്നു. പാവം.. ആശുപത്രിയല്ലേ.. എന്തെല്ലാം ചെലവുകളുണ്ടാവും.
കനി അമ്മയെ നോക്കി. അമ്മ എന്തോ കാര്യമായ ചിന്തയിലാണ്. വേണ്ട, അമ്മയെ ശല്യപ്പെടുത്തണ്ട. അവൾ അമ്മയോട് ചേർന്നു നടന്നു.
(തുടരും)