യുറീക്ക

ലേഖനങ്ങൾ

ശീർഷകം
വഴി നടത്തിയാൽ...


ഓണം കഴിഞ്ഞ് കിട്ടിയ ചില രചനകളിൽ ഓണമുണ്ട്. മനുഷ്യരെല്ലാരുമൊന്നുപോലെ എന്നതാണ് ഓണത്തിന്റെ സങ്കല്‍പ്പം. റിയ ജാസ്മിന്റെ കവിത, അജഗജാന്തരം, ഒന്നുപോലല്ലാത്ത രണ്ടു കള്ളന്മാരെ കാണിച്ചുതരുന്നു. ഓണത്തിന് ഊഞ്ഞാലാടാൻ കാത്ത് നേരം കറുപ്പിച്ച കള്ളന് കിട്ടിയത്, ഓണത്തല്ല്. അതേ സമയം കോട്ടും സൂട്ടും ധരിച്ച് മറ്റൊരു കളളൻ വിശിഷ്ടാതിഥിയായിട്ടും. ഭൂഗോളത്തിന്റെ ഇങ്ങേത്തലക്കൽ എന്ന് കവി. അതെന്താ ഒരേയിടത്തില്ലേ, രണ്ടു തരക്കാർ? കള്ളന്മാരുടെ ഈ കഥയിൽ കള്ളത്തരങ്ങൾ തീരാത്തതെന്ത് എന്ന് ചോദിച്ച് കവിത അസ്വസ്ഥതയുടെ വിത്തിടുന്നുമുണ്ട്.
അസ്മിൻ നൈലയുടെ കവിത സ്ലേറ്റ് മായ്ച്ച് മായ്ച്ച് ക്ഷീണിച്ച മഷിത്തണ്ടിനെക്കുറിച്ചാണ്. കവിതയുടെ പേര് അമ്മ എന്നും. പേര് അതായതുകൊണ്ട് മഷിത്തണ്ടിനെ അമ്മയായി വായിച്ചെടുക്കാൻ സാധിക്കുന്നു. കവിതയുടെ മാജിക്. പക്ഷേ, ശീർഷകം ഇല്ലാതെ ഈ കവിത വായിച്ചാലോ? എഴുത്തിലെ കവിത ശീർഷകത്തിൽ ഒളിപ്പിച്ചാൽ മതിയാവുമോ?
സഹചാരി

 


ഓണച്ചിന്തകൾ


നദി എ.എസ്, 9 എം കെ എച്ച് എം ഒ വി
വി എച്ച് എസ് എസ് ഫോര്‍ ഗേള്‍സ്, മുക്കം.

ചിത്രീകരണം: നന്ദകിഷോര്‍ കെ,
6 ബി, ജി എച്ച് എസ് എസ്, ചുഴലി, കണ്ണൂര്‍-670142

 

മനസ്സിന്റെ തിരുമുറ്റം ചെത്തി മിനുക്കിയി-
ട്ടൊരു കൊച്ചുപൂത്തറ കെട്ടിടേണം.
സൗഹൃദക്കല്ലുകൾ പാകി, യതിൻമീതെ
സ്നേഹത്താൽ നന്നായ് മെഴുകിടേണം
നിത്യ വിശുദ്ധിതൻ തുളസിക്കതിരുകൾ
നടുവിലായ്‌തന്നെ വച്ചിടേണം.
ലാളിത്യമൂറുന്ന തുമ്പച്ചിരിയാലെ
വരിയും നിരയുമൊരുക്കിടേണം.
ഓർമതൻ മുറ്റത്തെ മാവിെന്റ ചില്ലയിൽ
ഊഞ്ഞാൽ നമുക്കൊന്നു കെട്ടിടേണം.
പോയകാലത്തിന്റെ നന്മകളൊക്കെയും
ആയത്തിൽ ആടുമ്പോൾ പാടിടേണം.
ജാതിമതഭേദ ചിന്തയില്ലാതെ നാ-
മൊന്നിച്ചിരുന്നോണമുണ്ടിടുമ്പോൾ
നിശ്ചയം,വന്നു ചിരിച്ചു നിൽക്കും
ഓരോ മനസ്സിലും മാവേലി!!

 

 

അമ്മ

അസ്മിൻ നൈല,
എം ഇ എസ് എച്ച് എസ് എസ്, മണ്ണാര്‍ക്കാ‌ട്.

ചിത്രീകരണം: മെഹനാസ് കാപ്പന്‍,


മഷിത്തണ്ട് വല്ലാതെ
ക്ഷീണിച്ചിരിക്കുന്നു.
സ്ലേറ്റ് മായ്ച്ചു മായ്ച്ച്
കരി പുരണ്ടിരിക്കുന്നു.
വിശ്രമമില്ലാതെ
ഒടിഞ്ഞു തൂങ്ങിയിരിക്കുന്നു.
അതിന്റെ ഉപ്പുനീര്
എന്നേ വറ്റിയിരിക്കുന്നു.

പച്ചയുടെ പ്രതീക്ഷയുള്ള
ഒരു കിളിർനാമ്പ് പോലും
ഇനി ബാക്കിയില്ല.
ഇപ്പൊഴും കരിപുരണ്ട
സ്ലേറ്റ് മായ്ച്ചു മായ്ച്ച്,
അത്.

 

ഒരുമ.


മസിയ പി, 8 ബി, ഗവ. അച്യുതൻ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ, ചാലപ്പുറം, കോഴിക്കോട്

ചിത്രീകരണം: മെഹനാസ് കാപ്പന്‍,
1, ജി യു പി എസ്, നൊട്ടപ്പുറം, വേങ്ങര,
മലപ്പുറം-676304


അക്കരേക്കൊരു പാലം പണിയണം
അക്കരെയിക്കരെ കൂട്ടി വിളക്കണം
ഒരുമയെ നട്ടുനനച്ചു വളർത്തണം
ഒന്നായി നന്നായി ഒരുമിച്ചു കഴിയണം
പുഞ്ചിരി നല്ലൊരു പൂത്തിരിയാകണം
വൈരമില്ലാതെ മനസ്സു പുലരണം

 

എന്റെ ഊഞ്ഞാലാട്ടം.

 

സിദ്ധാർത്ഥ് എസ്, 9, പുളിപ്പറമ്പ് ഹയർ സെക്കന്ററി സ്കൂൾ, കൊടുന്തുരപ്പുള്ളി, പാലക്കാട്

ചിത്രീകരണം: ഗബ്രിയേല്‍ ജോസഫ്,
എച്ച് ഐ എം യു പി എസ്, ചേലോട്, വൈത്തിരി, വയനാട്.


ഊക്കുള്ളവന് ഭൂമിയും
ഊക്കില്ലാത്തവന് ആകാശവും
നൽകുന്ന സീസോയെക്കാളും
പൊടിപൊടിച്ച് ആ പാർക്കിൽ
ഒറ്റയ്ക്ക് വട്ടം കറങ്ങുന്ന
മേരിഗോ റൗണ്ടിനെക്കാളും
എന്റെ മുന്നോട്ടും പിന്നോട്ടും
ആടിക്കളിക്കുന്ന ഊഞ്ഞാലാട്ടം
തന്നെ മെച്ചം.

 


അജഗജാന്തരം.

 

റിയ ജാസ്മിൻ
10, ദേശബന്ധു ഹൈസ്കൂൾ, തച്ചമ്പാറ, പാലക്കാട്

ചിത്രീകരണം: അലീന എ പി, 6 എ, കാര്‍മല്‍ ജി എച്ച എസ് എസ്,
വഴുതക്കാട്, തിരുവനന്തപുരം.

ഈ ഓണത്തിന്
ഒരു ഊഞ്ഞാൽ കെട്ടണം
സ്വന്തമായി വീടില്ലെങ്കിലും
മാവിൻ കൊമ്പില്ലെങ്കിലും
ഉണ്ണാനുമുടുക്കാനും സ്നേഹമില്ലെങ്കിലും
കള്ളനു തോന്നി,
ഊഞ്ഞാലാടണം

കാത്തു കാത്തിരുന്നു കള്ളൻ
നേരം കറുപ്പിച്ചു.
മാവിൻ കൊമ്പുള്ള വീടിന്റെ
മുറ്റത്തെത്തി
ഊഞ്ഞാലുകെട്ടാൻ
കയറു തപ്പി, പതുങ്ങി നിന്നു.
പെട്ടെന്നുയർന്ന ഒച്ചയും വിളിയും
കള്ളനെ വീണ്ടും കള്ളന്മാരുടെ
പൊതു വീട്ടിലെത്തിച്ചു.
മോഹങ്ങളസ്ഥാനത്തായി, കള്ളന്
ഓണത്തല്ല് ആവോളം കിട്ടി.

ഭൂഗോളത്തിന്റെ ഇങ്ങേത്തലയ്ക്കൽ
മറ്റൊരു കള്ളനുണ്ടായിരുന്നു
ഊഞ്ഞാൽക്കള്ളൻ തളർന്നു കിടക്കുമ്പോൾ
അവൻ കോട്ടും സൂട്ടുമിട്ട്
വിശിഷ്ടാതിഥിയായ്! ഹാ!
കള്ളന്മാരുടെ ഈ കഥയിൽ
കള്ളത്തരങ്ങൾ
തീരാത്തതെന്തുകൊണ്ടാണ്?