യുറീക്ക

ലേഖനങ്ങൾ

യുറീക്ക പ്രസിദ്ധീകരണത്തിന്റെ അമ്പതാം വര്‍ഷത്തിലേക്ക് പ്രവേശിച്ചു. പിന്നിട്ട വര്‍ഷങ്ങളിലെ ചില മികച്ച
രചനകള്‍ വായനക്കാര്‍ക്ക്
പരിചയപ്പെടുത്തുകയാണ്
ഈ സന്തോഷവേളയില്‍.
1994 ജൂലൈയിലെ
ഒരു രചനയാണ് ഈ ലക്കത്തില്‍.

 

ന്ദ്രജാലത്തെപ്പറ്റി പറയുമ്പോള്‍ ഒരു കഥയോടുകൂടിയാകട്ടെ തുടക്കം. പാചകക്കാരന്റെ ഗര്‍വ് ശമിപ്പിച്ച ഒരു രാജാവിന്റെ കഥ! വാസ്തവത്തില്‍ രാജാവിനേക്കാള്‍ പ്രസിദ്ധനായിരുന്നു അദ്ദേഹത്തിന്റെ പാചകക്കാരന്‍. കൊട്ടാരത്തിലെത്തുന്ന വിശിഷ്ടാതിഥികളെല്ലാം വെപ്പുകാരനെ പ്രശംസിച്ചു. പ്രശംസ കൂടുതലായാലും കുഴപ്പം. എന്തു സാധനം കിട്ടിയാലും ഒന്നാംതരം സദ്യ ഒരുക്കാമെന്നു വീമ്പിളക്കി അയാള്‍ നടന്നു. ഇത് രാജാവും അറിഞ്ഞു.
ഈ അഹങ്കാരിക്ക് ആദ്യത്തെ പ്രകൃതിപാഠം പറഞ്ഞുകൊടുക്കേണ്ട സമയമായെന്നു രാജാവിനു തോന്നി.
പാചകക്കാരന് ഒരു വെല്ലുവിളി.
അന്നു രാത്രിതന്നെ വെപ്പുകാരനു കല്‍പ്പന കിട്ടി. കാലത്ത് പത്തുമണിക്ക് ഭക്ഷണം അമൃതേത്ത് ഒന്നാംതരമാകണം.
ഇതു കേട്ടപ്പോള്‍ പാചകക്കാരന് പ്രത്യേകിച്ചൊന്നും തോന്നിയില്ല. അയാള്‍ പതിവുപോലെ അടുക്കളയില്‍ ചെന്നു. പക്ഷേ, പതിവില്ലാത്തതുപോലെ വാതിലുകളും ജനലുകളും തുറന്നു മലര്‍ന്നു കിടക്കുന്നു. അതു കാരണം മുറിയില്‍ നല്ല കാറ്റുണ്ട്. നല്ല വെളിച്ചവും. അനേകം പാത്രങ്ങള്‍ നിറയെ വെള്ളവും. മറ്റൊന്നുമില്ല അടുക്കളയില്‍. അരിയില്ല, പരിപ്പില്ല, പച്ചക്കറിയില്ല, വെള്ളം ചൂടാക്കാന്‍ വിറകുപോലുമില്ല.
മണി പത്തായി. അതാ രാജാവ് വിളിക്കുന്നു. വെപ്പുകാരന്‍ വിളറി. തല പോകുമോ? രാജാവിനു മുന്നില്‍ അയാള്‍ തോല്‍വി സമ്മതിച്ചു. അപ്പോള്‍ രാജാവു സൗമ്യനായി പറഞ്ഞു: “വെള്ളവും വായുവും വെളിച്ചവും കൊണ്ട് എത്രയോ കോടി ജീവികള്‍ ഭക്ഷണം തയ്യാറാക്കുന്നുണ്ട്. നിങ്ങള്‍ക്കതിനു കഴിയുകയില്ല.” പാചകക്കാരന് കാര്യം മനസ്സിലായില്ല. രാജാവു തുടര്‍ന്നു:
“ആരാണിത്ര വലിയ സമര്‍ഥരെന്നോ? ആ ജനലില്‍ക്കൂടി നോക്കൂ. പച്ചമരങ്ങള്‍ മുതല്‍ പുല്ലുവരെയുള്ള സസ്യങ്ങള്‍ക്കെല്ലാം ഈ സിദ്ധിയുണ്ട്.”
പാചകക്കാരന് അപ്പോള്‍ കാര്യം പിടികിട്ടി. അയാളുടെ അഹങ്കാരം ഇല്ലാതായി.
പക്ഷേ, രാജാവ് ഒരു കാര്യം വിട്ടുപോയി; സൂക്ഷ്മദര്‍ശിനി യില്‍ക്കൂടി മാത്രം കാണാന്‍ കഴിയുന്ന ഏകകോശ സസ്യങ്ങള്‍ കൂടിയും പ്രകാശസംശ്ലേ ഷണം നടത്തുന്നുണ്ട്. അതായത്, ഈ സൂക്ഷ്മസസ്യങ്ങള്‍ക്കും സൂര്യപ്രകാശവും വെള്ളവും വായുവിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡും ഉണ്ടെങ്കില്‍ ഭക്ഷ ണം (കാര്‍ബോഹൈഡ്രേറ്റ്) തയ്യാറാക്കാന്‍ കഴിയും.
അപ്പോള്‍ കണ്ണില്‍പ്പെടാത്ത സസ്യങ്ങള്‍ക്കു പോലും കൊട്ടാരത്തിലെ പാചകക്കാരനേക്കാള്‍ സാമാര്‍ഥ്യമുണ്ടെന്നോ? ഉണ്ട്.

ശാസ്‌ത്രജ്ഞന്‍മാരേ, കഷ്ടം!
ഇക്കാര്യത്തില്‍ വെപ്പുകാരനേക്കാള്‍ മാത്രമല്ല നൊബേല്‍സമ്മാനം നേടിയ ശാസ്‌ത്രജ്ഞരേക്കാള്‍ കഴിവുള്ളവരാണ് ഏകകോശ സസ്യങ്ങള്‍. ശാസ്‌ത്രജ്ഞര്‍ അതിബുദ്ധിമാന്മാരാണ്. അവര്‍ക്ക് ഒന്നാംതരം പരീക്ഷണശാലയും ആധുനിക ഉപകരണങ്ങളുമുണ്ട്. സസ്യങ്ങള്‍ അനായാസം നടത്തുന്ന പ്രകാശസംശ്ലേഷണത്തെക്കുറിച്ച് ഒരു നൂറ്റാണ്ടിലേറെയായി ശാസ്‌ത്രജ്ഞന്‍മാര്‍ പഠിക്കുകയുമാണ്. ധാരാളം വിവരങ്ങള്‍ ശേഖരിച്ചുകഴിഞ്ഞു. എങ്കിലും ഇപ്പോഴും കാര്‍ബണ്‍ ‍ഡൈഓക്സൈഡും വെള്ളവുമായി ചേര്‍ത്താല്‍ കിട്ടുന്നത് നേര്‍ത്ത സോഡാവെള്ളം മാത്രം.

ഇലപ്പച്ചയുടെ വിദ്യ
പ്രകാശസംശ്ലേഷണം നടത്താന്‍ സസ്യങ്ങളെ സഹായിക്കുന്നത് പച്ചനിറമുള്ള വര്‍ണകമടങ്ങിയ ക്ലോറോപ്ലാസ്റ്റാണ്. ഇലയില്‍ ഏറ്റവും കൂടുതല്‍ കാണുന്ന ഈ ഘടകത്തെ ഇലപ്പച്ച എന്നു വിളിക്കാം. ഒരു കോശം മാത്രമുള്ള സസ്യങ്ങളില്‍പ്പോലും ഇലപ്പച്ചയുണ്ടാവും. പ്രകാശസംശ്ലേഷണത്തിലെ സങ്കീര്‍ണമായ രാസപ്രക്രിയകള്‍ നടക്കുന്ന സങ്കേ തമാണിത്. അതിന്റെ ഫലമായാണ് സസ്യത്തില്‍ കാര്‍ബോഹൈഡ്രേറ്റ് ഉണ്ടാക്കുന്നതും സ്റ്റാര്‍ച്ചുപോലെയുള്ള രൂപങ്ങളില്‍ അവ ശേഖരിച്ചുവയ്ക്കപ്പെടുന്നതും.

ജീവന്‍ നിലനിര്‍ത്തുന്നത്
ഇലപ്പച്ചയുടെ ഈ കഴിവുകൊണ്ടാണ് ജന്തുലോകം നിലനിന്നുപോരുന്നത്. ജൈവപരിണാമം നടന്നത്; നടക്കുന്നതും. എന്നും സുലഭമായ കാറ്റും വെളിച്ചവും വെള്ളവും ഉപയോഗിച്ചു ഭക്ഷണം ഉണ്ടാക്കാന്‍ സസ്യങ്ങള്‍ക്ക് കഴിയുന്നതുകൊണ്ടാണ് അനേകകോടി വര്‍ഷമായി ജീവന്‍ ഭൂമിയില്‍ പുലര്‍ന്നതും.

ഭക്ഷണം കവര്‍ന്നെടുക്കുന്നവര്‍
സൂര്യപ്രകാശത്തിലെ ഊര്‍ജമാണ് പ്രകാശസംശ്ലേഷണത്തിലൂടെ കാര്‍ബോഹൈഡ്രേറ്റായി രൂപാന്തരപ്പെടുന്നത്. വാസ്തവത്തില്‍ സ്വന്തം ആവശ്യത്തിനുവേണ്ടി സസ്യങ്ങള്‍ തയ്യാറാക്കുന്ന ഭക്ഷണം കവര്‍ന്നെടുത്താണ് ജന്തുക്കള്‍ ജീവിക്കുന്നത്. അടുത്ത തലമുറയ്ക്കുവേണ്ടി നെല്‍ച്ചെടി വിത്തില്‍ കരുതുന്ന സാമ്പാദ്യമെടുത്ത് നാം ചോറും ഇഡ്ഡലിയും മറ്റും ഉണ്ടാക്കുന്നു. പരിപ്പും പച്ചക്കറിയും നാരങ്ങയും കായവും എല്ലാം പ്രകാശസംശ്ലേഷണത്തിന്റെ ഫലമാണ്. കൂടുതല്‍ വിസ്തരിക്കേണ്ട കാര്യമില്ല. ഇലപ്പച്ചയില്ലെങ്കില്‍ ഏതാനും മാസങ്ങള്‍ക്കകം ജീവന്‍ ഭൂമിയില്‍നിന്നും അപ്രത്യക്ഷമാകും. സൂര്യപ്രകാശം അപ്പോഴും ഉണ്ടാവും. പക്ഷേ, അതിലെ ഊര്‍ജം ഭക്ഷണമാക്കി മാറ്റാനുള്ള സംവിധാനമില്ലെങ്കില്‍ ജീവികള്‍ക്ക് പ്രയോജനമുണ്ടാവില്ല.
അല്‍പ്പം ആലോചിച്ചാല്‍ ഭക്ഷണം മാത്രമല്ല ഇലപ്പച്ചയുടെ ജാലവിദ്യയിലൂടെ ലഭിക്കുന്നത്. പ്രകാശസംശ്ലേഷണമില്ലെങ്കില്‍ കടലാസുണ്ടാവില്ല. ‘യുറീക്ക’ അച്ചടിക്കാനും നമുക്കത് വായിക്കാനും പറ്റില്ല. ധരിക്കാനുള്ള പരുത്തി വസ്‌ത്രത്തിനെവിടെപ്പോകും? കാറും വിമാനവും ട്രെയിനും ഓടില്ല. വീടുവെയ്ക്കാന്‍ തടിയും ലഭ്യമാകില്ല.

പിന്നെ പ്രാണവായുവും
വീടും വസ്‌ത്രവും ഭക്ഷണവും മാത്രമല്ല നമുക്കുവേണ്ട പ്രാണവായുവും പ്രകാശസംശ്ലേഷണ ത്തി ലൂടെയാണു ലഭിക്കുന്നത്. കാര്‍ബണ്‍ ‍ഡൈഓക്സൈഡ് ഭക്ഷണമായി മാറുന്ന നീണ്ട രാസപ്രക്രിയകള്‍ക്കിടയില്‍ ഓക്സി ജനും പുറത്തുവരുന്നു. സദാസമയവും നടക്കുന്ന ശ്വസനത്തിലൂടെ കുറവു വരുന്ന അന്തരീക്ഷ ഓക്സിജന്റെ അനുപാ തം നിലനിര്‍ത്താന്‍ സഹായിക്കുന്നത് പ്രകാശസംശ്ലേഷണമാണ്.
ജീവന്റെ അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണവും ശ്വസനവും ഉറപ്പുവരു ത്തുന്ന പ്രകാശസംശ്ലേഷണ ത്തിന്റെ ചരിത്രമെന്താണ്?

വരദാനം
ഏതാണ്ട് മുന്നൂറുകോടി വര്‍ഷങ്ങള്‍ക്കുമുമ്പാണ് ഭൂമിയില്‍ ജീവന്റെ തുടക്കം കുറിച്ചതെന്നു പറയാം. അന്ന് ഇലപ്പച്ചയില്ലായിരുന്നു. ഇന്നത്തെ രീതിയിലുള്ള ജീവികളും ഇല്ലായിരുന്നു. അനേക ലക്ഷം വര്‍ഷം വേണ്ടിവന്നു പ്രാകൃതഘടനയുള്ള ജീവികള്‍ രൂപംകൊള്ളാന്‍. ചുറ്റിനും ലഭ്യമായ ജൈവവസ്തുക്കളായിരുന്ന ആദിജീവികളുടെ ആ ഹാരം. സ്വാഭാവികമായും പരിസരത്തുള്ള ജൈവവസ്തുക്കള്‍ ക്രമേണ കുറഞ്ഞുവന്നു. ഭക്ഷണമില്ലാതെ ജീവന്‍തന്നെ അന്തര്‍ദ്ധാനം ചെയ്യുമെന്ന അവസ്ഥയായി. അപ്പോഴാണ് പ്രകൃതിയുടെ വരദാനമായി ക്ലോറോപ്ലാസ്റ്റിന്റെ - ഇലപ്പച്ചയുടെ- ആദ്യരൂപങ്ങള്‍ രംഗത്തുവന്നത്.

യുഗ്ലീനയുടെ വിദ്യ
അതോടെ പ്രകാശസംശ്ലേഷണ ത്തിലൂടെ ഭക്ഷണം തയ്യാറാക്കിത്തുടങ്ങിയ സസ്യങ്ങളും അവയെ ആശ്രയിച്ചു കഴിയുന്ന ജന്തുക്കളും ഉടലെടുത്തു. ആദ്യകാലത്ത് സ സ്യങ്ങളുടെയും ജന്തുക്കളുടെയും ഭാവം, തരം പോലെ ഉള്‍ക്കൊള്ളുന്ന ജീവികളുമുണ്ടായി. ഇന്നത്തെ ഏകകോശജീവികളിലൊന്നാ യ ‘യുഗ്ലീന’ ആ വര്‍ഗത്തില്‍പ്പെട്ടതാണ്. മറ്റെങ്ങുനിന്നും ഭക്ഷണം ലഭിക്കില്ലെന്നു ഉറപ്പുവന്ന തിനുശേഷം മാത്രം സ്വന്തം അടുക്കള തുറക്കുന്ന ചില സമര്‍ത്ഥന്മാരില്ലേ? അവരെപ്പോലെയാണ് ഈ ജീവിയും. ചുറ്റും ജൈവപദാര്‍ഥങ്ങളുണ്ടെങ്കില്‍ അവ ആഹരിച്ചു യുഗ്ലീന ജീവിക്കും. അതി ന് നിവൃത്തിയില്ലാതെ വരുമ്പോള്‍, കൈവശമുള്ള ഇലപ്പച്ച യെ ആശ്രയിച്ചു സ്വയം പാചകത്തിനു മുതിരും. ജന്തു-സസ്യലോകങ്ങള്‍ വ്യക്തമായി ചേരിതിരിഞ്ഞിട്ടു യുഗങ്ങള്‍ കഴിഞ്ഞെങ്കിലും യുഗ്ലീന പോലെയുള്ള ഉഭയലോകജീവികള്‍ ഇന്നുമുള്ളതാണ് അതിശയം.
ചുരുക്കത്തില്‍ നമുക്കു ഭക്ഷണം തരുന്ന, നമ്മുടെ പ്രാണന്‍ പുലര്‍ത്തുന്ന ഉപകാരികളാണ് സസ്യങ്ങള്‍. ഈ സഹജീവികളെ നന്ദിയോടും സ്നേഹത്തോടും സമീപിക്കുക. അവയെ രക്ഷിച്ചില്ലെങ്കില്‍ മനുഷ്യരുമില്ല എന്ന പാഠം മറക്കാതിരിക്കുക.