യുറീക്ക

ലേഖനങ്ങൾ

ഒക്ടോബര്‍ 9 മുതല്‍ 15 വരെ ദേശീയ തപാല്‍ വാരമാണ്.
പുതിയ കാലത്തെ തപാല്‍ സേവനങ്ങളെ നമുക്ക് പരിചയപ്പെടാം.

 

“അല്ല ചങ്ങായീ മ്മടെ കുടുക്ക പൊട്ടിച്ച കാശൊക്കെ കയ്യില്‍ത്തന്നെ വച്ചോണ്ടിരുന്നാല്‍ മതിയോ?”
ഇങ്ങനെ പറഞ്ഞുകൊണ്ടാണ് അഞ്ജു അസീബിന്റെ വീട്ടിലേക്ക് കയറിച്ചെന്നത്.
“ആഹാ… എത്തീല്ലോ മുത്തുമണീസ്. നമുക്കിപ്പൊത്തന്നെ പോയേക്കാം. ഞാന്‍ നിന്നേം കാത്തിരുന്നതാ. ഇന്നിനി പോസ്റ്റ് ഓഫീസില്‍പ്പോയി പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാ സനിധിയില്‍ അടച്ചിട്ടല്ലാതെ എനിക്ക് വിശ്രമമില്ല. ഗെറ്റ് റെഡി. ഞാനിപ്പൊ വരാം.”
പത്രം വായിക്കുകയായിരുന്ന അസീബ് ഒറ്റ ചാട്ടം, വീട്ടിനകത്തേക്ക്.
അഞ്ജു മിഴിച്ചുനിന്നു. ഇവനിതെന്തുപറ്റി? ദുരിതാശ്വാസനിധിയില്‍ കാശ് അടയ്ക്കാന്‍ പോസ്റ്റ് ഓഫീസിലേക്കോ? അതെന്തിനാണെന്നാലോചിച്ചിട്ട് അഞ്ജുവിന് ഒരു പിടിയും കിട്ടിയില്ല. മിനിട്ടുകള്‍ക്കുള്ളില്‍ അസീബ് വന്നു. പുതിയ ട്രൗസറും ബനിയനും. കയ്യില്‍ കരുതിവച്ച കാശുമുണ്ട്.
“അല്ല അസീബേ… നമ്മള്‍ ശരിക്കും പോസ്റ്റ് ഓഫീസിലേക്കു തന്നെയാ പോകുന്നത് ?”
“ആ… മ്മക്ക് വേഗം പോയി വരാം.”
“പോസ്റ്റ് ഓഫീസില്‍ കത്തും കവറും മാസികകളും മാത്രമല്ലേയുള്ളൂ. അവിടെ ഈ പണം….?”
“ന്റെ പൊന്ന് അഞ്ജൂസേ… പോസ്റ്റ് ഓഫീസ് ഇപ്പൊ പഴയ പോസ്റ്റ് ഓഫീസ് ഒന്നുംഅല്ല. ദുരിതാശ്വാസനിധി സ്വീകരിക്കുക മാത്രമല്ല, ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള സാധനസാമഗ്രികള്‍ സ്വീകരിക്കുകയും ചെയ്യുന്നു ണ്ട് പോസ്റ്റ് ഓഫീസില്‍. കേരളത്തിലെ പ്രളയകാലത്ത് മാത്രമല്ല. ഉത്തരാഖണ്ഡില്‍ പ്രളയമുണ്ടായപ്പോഴും തപാല്‍ ഓഫീസില്‍ സാധനങ്ങള്‍ സ്വീകരിച്ച് അവിടേക്ക് സൗജന്യമായി അയച്ചുകൊടുത്തിട്ടുണ്ട്. പിന്നെ, വേണോങ്കി ഫോണ്‍ബില്ലും വെള്ളക്കരവും ഒക്കെ പോസ്റ്റ് ഓഫീസില്‍ അടയ്ക്കുകയും ചെയ്യാം.”
“ങാ… നീ അതു പറഞ്ഞപ്പഴാ ഞാനോര്‍ത്തത്, ചേച്ചീടെ ഡിഗ്രി പ്രവേശനത്തിന് ഫീസടച്ചത് പോസ്റ്റ് ഓഫീസില്‍ ആയിരുന്നു. ചേച്ചിയും അമ്മയും കൂടി പോണത് ഞാന്‍ കണ്ടതാ.”
“ഇതൊന്നും പക്ഷേ, അധികമാര്‍ക്കും അറിയില്ലെന്ന് തോന്നുന്നു. ഉമ്മയ്ക്ക് പോസ്റ്റ് ഓഫീസില്‍ ജോലി ഉള്ളതുകൊണ്ടാ എനിക്കിത്രേം കാര്യം അറിയാന്‍ പറ്റിയത്. ഒരു കാര്യം ചെയ്യാം, മ്മക്ക് ഉമ്മയോട് ചോദിക്കാം, പോസ്റ്റ് ഓഫീസിനെപ്പറ്റി ഉമ്മയ്ക്ക് ഒരുപാട് കാര്യങ്ങള്‍ പറഞ്ഞുതരാനുണ്ടാകും.”
“അസീബിന്റുമ്മാ… അസീബിന്റുമ്മാ...” അകത്തേയ്ക്ക് നോക്കി നീട്ടിവിളിച്ചത് അഞ്ജുവാണ്.
“ഹാ, ചങ്ങാതിക്കുട്ടി രാവിലെത്തന്നെ എത്തീലോ. എന്തൊക്കെയാ ഇന്നത്തെ പരിപാടി? നാടകം കളിയും ഫുട്ബോളും ഒന്നുമില്ലേ?”
ഉമ്മ അതും പറഞ്ഞ് ചിരിച്ചോണ്ടാണ് കോലായിലേക്ക് വന്നത്.
“കളിയൊക്കെയുണ്ടുമ്മാ. പക്ഷേ, അതിനു മുന്‍പ് ഇത്തിരി കാര്യവുമുണ്ട്. ഉമ്മയ്ക്കിഷ്ടപ്പെടുന്ന വിഷയം ആണ്. തപാല്‍ ഓഫീസിനെപ്പറ്റി ഞങ്ങളോട് എന്തേലും പറയാനുണ്ടെങ്കി ഇപ്പം പറയാം. ഞങ്ങളിപ്പോ കേള്‍ക്കാനുള്ള മൂഡിലാ.”
“അതു കൊള്ളാലോ. എന്നാല്‍ ഇപ്പൊത്തന്നെ പറഞ്ഞേക്കാം.” ഉമ്മ മൈക്ക് ശരിയല്ലേ എന്ന് പരിശോധിക്കുന്നതുപോലെ കൈ ഞൊടിച്ചു. എന്നിട്ട് മുരടനക്കി. 
“1762ലാണ് ഇന്ത്യയില്‍ തപാല്‍വകുപ്പ് സ്ഥാപിക്കപ്പെടുന്നത്. ലോകത്തില്‍ ഏറ്റവുമധികം വ്യാപനമുള്ള തപാല്‍ശൃംഖലയാണ് ഇന്ത്യന്‍ തപാല്‍ വകുപ്പ്. ന്യൂഡല്‍ഹിയാണ് ഇതിന്റെ ആസ്ഥാനം. തപാല്‍വകുപ്പിന്റെ നട്ടെല്ല് എന്നറിയപ്പെടുന്ന പോസ്റ്റ്മാന്‍ ഓരോ ദിവസവും ഇന്ത്യ മുഴുവന്‍ നടന്നെത്തുന്നുണ്ട്. ശരാശരി 7114 ആളുകള്‍ക്ക് ഒന്ന് എന്ന തോതില്‍ തപാല്‍ ഓഫീസുകളുണ്ട് ഇന്ത്യയില്‍. ഇവിടങ്ങളിലായി അഞ്ച് ലക്ഷത്തോളം ജീവനക്കാരും ഉണ്ട്.”
“ജഡ്ജസ് നോട്ടഡ്. അടുത്തതായി പോ സ്റ്റ് ഓഫീസ് സേവനങ്ങളെപ്പറ്റിയാവാം പറച്ചില്‍.” അസീബാണ് ഇടയ്ക്കുകേറി പറഞ്ഞത്.
“വലിപ്പത്തിന്റെ കാര്യത്തില്‍ മാത്രമല്ല. ലഭ്യമാക്കുന്ന സേവനങ്ങളുടെ കാര്യത്തിലും പോസ്റ്റ് ഓഫീസ് ഒരു സംഭവം തന്നെയാണ്. സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിന് തപാല്‍വകുപ്പിനെ ഒരു മാധ്യമമായി പ്രയോജനപ്പെടുത്തി വരുന്നുണ്ട്. ആധാര്‍ എന്‍റോള്‍മെന്റിനും തെറ്റു തിരുത്തലിനും ഒക്കെ ഇപ്പോള്‍ തപാല്‍വകുപ്പിനെ ആശ്രയിക്കാവുന്നതാണ്. കൂടാതെ ഇന്‍ഷൂറന്‍സ് സേവനവും ലഘുസമ്പാദ്യ പദ്ധതിയും തപാല്‍വകുപ്പില്‍ ലഭ്യമാണ്. പോരാത്തതിന് വിദേശത്തുനിന്നും അയച്ച പണം സ്വീകരിക്കുന്നതിനും ഇന്ത്യയ്ക്കകത്ത് പണമയയ്ക്കുന്നതിനും സ്വീകരിക്കുന്നതിനും തപാല്‍വകുപ്പിനെ ആശ്രയിക്കാം. സ്വകാര്യ കൊറിയറുകളെ അപേക്ഷിച്ച് ഏറ്റവും ചെലവ് കുറഞ്ഞതും വിശ്വാസയോഗ്യവുമായ തപാല്‍ സമ്പ്രദായവും ഇന്ത്യന്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റിന്റെയാണ്.”
“ഇനി ഞാമ്പറയാം കേട്ടോ അഞ്ജൂസേ… പോസ്റ്റ് ഓഫീസില്‍ ഒരു അത്യുഗ്രന്‍ പരിപാടി ഉണ്ട്. സ്റ്റാമ്പിനൊപ്പം ഫോട്ടോ യും ഒട്ടിച്ചയയ്ക്കാവുന്ന ഒരു പദ്ധതി. എന്തായിരുന്നു ഉമ്മാ അതിന്റെ പേര്?”
“മൈ സ്റ്റാമ്പ് പദ്ധതി. അതു പറഞ്ഞപ്പഴാ ഓര്‍ത്തത്. ഒരു കാര്യം പറയാന്‍ വിട്ടു. 1852 ലാണ് ഇന്ത്യയിലെ ആദ്യത്തെ തപാല്‍സ്റ്റാമ്പ് പുറത്തിറക്കു ന്നത്. ഏഷ്യയിലെതന്നെ ആദ്യ സ്റ്റാമ്പായിരുന്നു അത്. ഈസ്റ്റിന്ത്യാ കമ്പനിയുടെ ചിഹ്നമായിരുന്നു ഇതില്‍ പതിപ്പിച്ചിരുന്നത് സ്വതന്ത്ര ഭാരതത്തിലെ ആദ്യ സ്റ്റാമ്പാവട്ടെ 1947 നവംബര്‍ 21നാണ് പുറത്തിറക്കിയത്. ത്രിവര്‍ണപതാക
ആലേഖനം ചെയ്ത സ്റ്റാമ്പായി രുന്നു അത്. ഫിലാറ്റലി എന്നറിയപ്പെടുന്ന സ്റ്റാമ്പ് കളക്‌ഷന്‍ ഇന്ന് പ്രധാനപ്പെട്ട ഒരു ഹോബിയാണ്. പലര്‍ക്കും വരുമാനമാര്‍ഗം കൂടിയാണിത്.”
“അമ്പട! പോസ്റ്റ് ഓഫീസ് ന്നു പറയുന്നത് ഒരു കിടുക്കാച്ചി സംഭവം തന്നെയാണല്ലോ.”
“അതെയതെ. അഞ്ജൂസേ… നീയിവനേം വിളിച്ച് വേഗം പോസ്റ്റ്ഓഫീസില്‍ പോയിട്ടുവന്നേ. ചില അത്യാവശ്യ കാര്യങ്ങളുള്ളതുകൊണ്ട് ഞാന്‍ രണ്ടുദിവസം ലീവാ. കഥ പറഞ്ഞിരുന്നാ നേരം വൈകും.”
“ശരി. ഞങ്ങളിതാ പുറപ്പെടുകയായി.”
പിന്നെ ഒരോട്ടമായിരുന്നു. തൊട്ടടുത്ത പോസ്റ്റ് ഓഫീസിലേക്ക്.